മോഹിനി, മാലിനി- ‘ഇരട്ട പിറന്ന’ ശകുന്തളമാര്‍

 In News
arangu-malini-22-jan-2017-mathrubhumi-article

താമരയിലയിൽ നഖംകൊണ്ട് പ്രേമലേഖനമെഴുതിയ ശകുന്തള മലയാളസിനിമയിൽ പ്രത്യക്ഷയായത് കെ.ആർ. വിജയയുടെ രൂപത്തിലാണ്. അടുത്തകാലത്ത് മഞ്ജുവാര്യർ ശകുന്തളയെ അരങ്ങിൽ അവതരിപ്പിക്കുന്നു എന്ന വാർത്തയ്ക്കും വലിയ പ്രചാരം കിട്ടി. എന്നാൽ, കെ.ആർ.വിജയയ്ക്കും മഞ്ജുവാര്യർക്കും ഇടയിൽ മൂന്നുദശകത്തിലേറെ ശകുന്തളയുടെ വേഷം കെട്ടിയാടിയ ചിലരെക്കുറിച്ച് പൊതുസമൂഹത്തിന് ആരും പറഞ്ഞുകൊടുത്തില്ല.

ആദ്യമായി കാവാലം നാരായണപ്പണിക്കർ നാടകരൂപത്തിൽ ശാകുന്തളം അരങ്ങിലെത്തിച്ചപ്പോൾ ശകുന്തളയായ മോഹിനി വിനയൻ എന്ന നടി, മഞ്ജുവാര്യർ ശകുന്തളയായി നടിച്ച ശാകുന്തളത്തിലും ഉണ്ടായിരുന്നു- താപസിയായ ഗൗതമിയായി.

മുപ്പത്തിനാലാണ്ടുമുമ്പാണ് കാവാലം നാരായണപ്പണിക്കർ ശാകുന്തളം ആദ്യമായി അരങ്ങത്തെത്തിക്കുന്നത്. അതിൽ ശകുന്തളയായി വേഷമിട്ട മോഹിനിയുടെ ഇരട്ടസഹോദരിയായ മാലിനി വിജയകുമാറും പിൽക്കാലത്ത് ശകുന്തളയായി അരങ്ങിലെത്തി. സിനിമയുടെ താരപ്പകിട്ടില്ലാത്തതുകൊണ്ടുമാത്രം കലാകേരളത്തിന് അപരിചിതരായിത്തീർന്ന ഈ രണ്ടു ശകുന്തളമാരെ മാതൃഭൂമിക്കു വേണ്ടി അവതരിപ്പിക്കുന്നതിൽ അതുകൊണ്ടുതന്നെ കാലത്തിന്റെ ഒരു കടംവീട്ടലുണ്ട്.

ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഇരട്ടസഹോദരിമാരിലെ മോഹിനി കാവാലത്തിന്റെ നാടകക്കളരിയിലെത്തിയത്. ശാകുന്തളം അരങ്ങിലെത്തിക്കാൻ കാവാലം ശ്രമംതുടങ്ങിയ കാലം. ശകുന്തളയായി വേഷമിടാൻ പദശുദ്ധിയും അഭിനയശേഷിയുമുള്ള ഒരു പെൺകുട്ടിയെ വേണം. നൃത്താധ്യാപിക വസന്ത  ഗോപാലകൃഷ്ണനാണ് മോഹിനിയെപ്പറ്റി കാവാലത്തിനോട് പറയുന്നത്. കുട്ടിക്കാലംമുതൽ നൃത്തം പഠിക്കുന്നതിനാൽ മോഹിനിക്ക് അഭിനയം അത്ര ബുദ്ധിമുട്ടായി തോന്നിയില്ല.

ശാസ്തമംഗലത്തുള്ള രാജാകേശവദാസൻ സ്കൂളിലായിരുന്നു നാടകപരിശീലനം. മറ്റ് കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നവരെല്ലാം ജോലിയുള്ളവരും
പഠിക്കുന്നവരുമായിരുന്നു. ഉജ്ജയിനിയിലെ കാളിദാസ സമാരോഹിലാണ് ശാകുന്തളം ആദ്യമായി അവതരിപ്പിച്ചത്. തൊട്ടടുത്തവർഷം ഡൽഹിയിലും നാടകം അവതരിപ്പിച്ചു. അനസൂയയായി മാലിനിയും പ്രിയംവദയായി മറ്റൊരു സഹോദരി
ദയ രവീന്ദ്രനും പിന്നീട് അരങ്ങിലെത്താൻ തുടങ്ങി. അച്ഛൻ പങ്കജാക്ഷൻനായർ അന്ന് കാവാലത്തിന്റെ ‘സോപാന’ത്തിൽ ആഹാര്യനിർവഹണം നടത്തിവരികയായിരുന്നു.

നാടകം ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കിൽ ഉറക്കച്ചടവോടെയാകും ഈ ഇരട്ടകൾ ക്ളാസിലും പരീക്ഷാഹാളിലുമൊക്കെ എത്തുക. പഠനത്തെക്കാൾ നൃത്തത്തിന് പ്രാധാന്യം നൽകുന്നതിന് അധ്യാപകരുടെവക വഴക്കും കേൾക്കേണ്ടിവന്നിട്ടുണ്ട്. മുതിർന്നതോടെ കാവാലം രചിച്ചതും സംവിധാനം
ചെയ്തതുമായ നിരവധി മലയാള-സംസ്കൃത നാടകങ്ങളിൽ ഈ സഹോദരിമാർ സ്ഥിരസാന്നിധ്യമായി നിറഞ്ഞു. ‘കർണഭാര’ത്തിൽ മോഹൻലാൽ കർണനായപ്പോൾ മോഹിനിയാണ് കുന്തിയായത്. പ്രതിമാനാടകത്തിൽ കൈകേയിയെ അവതരിപ്പിച്ചതും മോഹിനിയായിരുന്നു.

ഋതുപരിവർത്തനങ്ങളുടെ ‘മോഹിനിയാട്ട ആവിഷ്കാരമായ
‘ഋതുഗമനം’ മോഹിനി സ്വന്തമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യരൂപമില്ലാതെ വാദ്യോപകരണങ്ങളുടെമാത്രം സഹായത്തോടെയായിരുന്നു അവതരണം. നിരവധിവേദികളിൽ ഋതുഗമനം അവതരിപ്പിച്ചു. കാവാലം രചിച്ച അനേകം മോഹിനിയാട്ടങ്ങളും അവർ
ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുഞ്ചൻനമ്പ്യാരുടെ കേരളതാളങ്ങളും
സോപാനസംഗീതവുമാണ് മോഹിനിയാട്ടത്തിന് ഇണങ്ങുകയെന്ന
വിശ്വാസക്കാരനായിരുന്നു കാവാലമെന്ന് മോഹിനി പറയുന്നു.

മോഹിനിയാട്ടവേദികളിൽ 25 വർഷമായി നിറഞ്ഞുനിൽക്കുന്ന
മോഹിനിക്ക് കേന്ദ്ര സാംസ്കാരികവകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കൈമനത്ത് ലാസ്യപ്രിയയെന്നപേരിൽ നൃത്തവിദ്യാലയം നടത്തുന്ന
മോഹിനി, സോപാനത്തിലെ കലാപ്രവർത്തനങ്ങളിൽ ഇന്നും
സജീവസാന്നിധ്യമാണ്. ഭർത്താവ് വിനയനും മകൻ ആനന്ദ് വിഷ്ണുവും പകരുന്ന കരുത്താണ് മോഹിനിയെ വേദികളിലെ തിളക്കമുള്ള താരമാക്കുന്നത്.

1992-ൽ വിവാഹം കഴിഞ്ഞതോടെ മോഹിനി അരങ്ങിൽനിന്ന്
കുറച്ചുകാലം വിട്ടുനിന്നു. അങ്ങനെയാണ് മാലിനി ശകുന്തളയെ
അവതരിപ്പിച്ചുതുടങ്ങിയത്. 1994-ൽ സ്വപ്നവാസവദത്ത – ത്തിലെ
വാസവദത്തയായും മാലിനി അരങ്ങിലെത്തി. കരിങ്കുട്ടി, അരണി, ഊരുഭംഗം, വിക്രമോർവശീയം തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങളെ മാലിനി അവതരിപ്പിച്ചു. കാവാലത്തിന്റെ കവിതകൾ മാലിനി മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

വേദിയിൽ നിലവിളക്കുമാത്രം ഉപയോഗിച്ച് ഒരുക്കിയ അഷ്ടലക്ഷ്മിയെന്ന നൃത്തശില്പം മാലിനിയെ ഏറെ ശ്രദ്ധേയയാക്കി. ആകാശവാണിയിൽ അനൗൺസറും ന്യൂസ് ചാനലിൽ വാർത്താ അവതാരകയുമായിരുന്നു മാലിനി.
ഈരാറ്റുപേട്ട സ്വദേശി വിജയകുമാറാണ് ഭർത്താവ്. ഇടയാറന്മുളയിൽ ചിലങ്കയെന്ന നൃത്തവിദ്യാലയം നടത്തുകയാണ് മാലിനിയിപ്പോൾ.

മൂന്നുതലമുറകളിലായി ഏഴുപേരാണ് മോഹിനിയുടെയും മാലിനിയുടെയും കുടുംബത്തിൽനിന്ന് ഇപ്പോൾ കലാരംഗത്തുള്ളത്. ഈവർഷം നാഷണൽ സ്കൂൾ
ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന ഭാരത് – രംഗ് മഹോത്സവത്തിൽ
ഉത്തരരാമചരിതത്തിൽ മോഹിനിയും മകൻ ആനന്ദ് വിഷ്ണുവും ഒന്നിക്കുന്നുണ്ട്. സീതയായി മോഹിനിയും ലവനായി ആനന്ദും ഭൂമീദേവിയായി ദയയുടെ മകൾ കീർത്തന രവിയും അരങ്ങിലെത്തും.

സിനിമ മാത്രം കാണുന്ന മലയാളിമനസ്സിൽ കെ.ആർ. വിജയയും
മഞ്ജുവാര്യരും മാത്രമായി ശകുന്തളയുടെ രൂപം അടയാളപ്പെട്ടുപോകുന്നതിൽ പക്ഷേ, കലയ്ക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച ഈ സഹോദരിമാർക്ക്
അലോസരം തെല്ലുമില്ല. മഞ്ജുവാര്യർ ശകുന്തളയായപ്പോൾ ആ താരത്തെ നാടകാഭിനയത്തിന്റെ ചിട്ടവട്ടങ്ങൾ പഠിപ്പിക്കാൻ സന്തോഷത്തോടെ മോഹിനി സമ്മതിച്ചതും ആ സന്മനോഭാവംകൊണ്ടുതന്നെ.

Published in Mathrubhumi Daily on 22 January 2017.

Courtesy: Mathrubhumi, Anil Mukunnery , anilmukunnery@gmail.com

 

 

 

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

jan-13-2017-monday-dd-malayalam-3101-students-mohiniyattam-1